കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിൽ നാല് പേരെ കൊവിഡ് ബാധിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു. നാല് പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുൾപ്പടെ അഞ്ച് പേർക്കാണ് ഇന്ന് എറണാകുളം ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഒരാഴ്ച മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജോലി സംബന്ധമായി കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തിയവരാണ് ഇവരെല്ലാം. തുടർന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്നും നാവികസേനാ വക്താവ് അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 67 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പത്ത് പേർക്ക് നെഗറ്റീവായി. പാലക്കാട് 29 പേർക്കും, കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും, കോട്ടയത്ത് ആറ് പേർക്കും, മലപ്പുറം എറണാകുളം ജില്ലകളിൽ അഞ്ച് വീതവും, തൃശ്ശൂർ കൊല്ലം ജില്ലകളിൽ നാല് പേർക്ക് വീതവും കാസർകോട് ആലപ്പുഴ ജില്ലകളിൽ മൂന്ന് വീതവും പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചു.