തൃശ്ശൂരിൽ പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി അറസ്റ്റിൽ. പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദർശിനി നഗറിൽ താമസിക്കുന്ന ആനപ്പറമ്പിൽ വീട്ടിൽ റഷീദിനെ(43) അറസ്റ്റ് ചെയ്തത്. 

പ്രതിയുടെ വാഹനത്തിൽ കുട്ടിയെ കയറ്റി കൊണ്ടുപോയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും പിന്നീട് വാഹനത്തിൽ വച്ചും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. സംഭവം കുട്ടി അധ്യാപകരോട് പറഞ്ഞതോടെ അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പരാതി പൊലീസിന് കൈമാറി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.