മലപ്പുറം: സംസ്ഥാനത്ത് ഇതാദ്യമായി ഒരു ദിവസം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന ജില്ലയായി മലപ്പുറം. ഇന്ന് 47 മലപ്പുറം സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി എന്നത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ ഫലം നെഗറ്റീവായത് ജില്ലയ്ക്ക് അൽപം ആശ്വാസം നൽകുന്നു.

കഴിഞ്ഞ പത്ത് ദിവസമായി മലപ്പുറത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ വരെ 197 പേർ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നു. ഈ കൂട്ടത്തിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നാൽ ഇന്ന് മാത്രം പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 

ലക്ഷക്കണക്കിന് പ്രവാസികളുള്ള ജില്ലയായിരുന്നതിനാൽ മലപ്പുറത്ത് കൊവിഡ് കേസുകൾ വർധിക്കുമെന്ന് ആരോഗ്യവകുപ്പ് കണക്കു കൂട്ടിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച കണക്കിനും അപ്പുറത്തേക്ക് മലപ്പുറത്തെ കൊവിഡ് വ്യാപനം നീങ്ങുകയാണ്. പരപ്പനങ്ങാടിയിലെ ഒരു വാർഡ് മാത്രമാണ് നേരത്തെ കണ്ടൈൻമെന്റ് സോണായി ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്തിലെ 17 വാർഡുകൾ കൂടി കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ( വാർഡുകൾ -  1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17).

സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന പ്രവണത മലപ്പുറത്തുണ്ടെന്ന് പൊലീസ് പറയുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവർക്കെതിരെ ദിവസവും നൂറും ഇരുന്നൂറും കേസുകൾ മലപ്പുറത്ത് പൊലീസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. പുതിയ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.