ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുകയായിരുന്നു അറ്റന്ററായ ശശീന്ദ്രന്‍റെ ജോലി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ സംഭവത്തിന് പിന്നിൽ പ്രതി ശശീന്ദ്രന്‍റെ രാഷ്ട്രീയ സ്വാധീനമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട് പിന്നീട് സ്ഥിരപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രൻ. ഇയാൾക്കെതിരെ മോശം പെരുമാറ്റത്തിന് മുൻപും പരാതി വന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുകയായിരുന്നു അറ്റന്ററായ ശശീന്ദ്രന്‍റെ ജോലി. സംഭവ ദിവസം പ്രതി സ്ത്രീകളുടെ വാർഡിൽ തുടർന്നു. രോഗിയുടെ ദേഹത്ത് വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്സ് പൊലീസിന് മൊഴി നൽകി.
പീഡനത്തിനിരയായ യുവതി ബോധം തെളിഞ്ഞപ്പോൾ കൂട്ടിരിപ്പുകാരനായ ഭർത്താവിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി. ശശീന്ദ്രന് സംഘടനയുമായി ബന്ധമില്ലെന്ന് സിപിഎം അനുകൂല എൻജിഒ യൂണിയൻ ഭാരവാഹികൾ വിശദീകരിക്കുന്നു.
