വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്.  

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്. 


വീട്ടിൽ ഹൃദ്യയും മുത്തശ്ശനും മുത്തശ്ശിയുമാണ് ഉണ്ടായിരുന്നത്. മുത്തശ്ശൻ പുറത്തേക്ക് പോയി. മുത്തശ്ശി അയലത്തുളള വീട്ടിലേക്കും പോയി. ഈ സമയത്ത് ഇളയ കുട്ടിക്കായി കെട്ടിയിരുന്ന തൊട്ടിലിൽ ഹൃദ്യ കയറിയിട്ടുണ്ടാകണം എന്നാണ് അനുമാനം. സ്പ്രിം​ഗ് ഉപയോ​ഗിച്ചുള്ള തൊട്ടിലാണ്. സ്പ്രിം​ഗ് കഴുത്തിൽ കുരുങ്ങിയതാണെന്നാണ് ഡോക്ടർമാരടക്കം പ്രാഥമികമായി പറയുന്നത്. പൊലീസും ഇതേ നി​ഗമനം തന്നെയാണ് പറയുന്നത്.

കുട്ടിയുടെ കഴുത്തിൽ സ്പ്രിം​ഗ് മുറുകിയ പാടുകളുണ്ട്. മുത്തശ്ശി വന്ന് നോക്കുമ്പോൾ കുട്ടി തൊട്ടിലിൽ കുരുങ്ങിയ നിലയിലായിരുന്നു. പെട്ടെന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്