രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും.
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും.
കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. അതിനിടെ, നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
അതിനിടെ, തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ വിസിയിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും. അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അതിശ്കതമായ മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ പ്രതിസന്ധിയാകും. താമരശ്ശേരി ചുരം വഴി വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മരണം 73 ആയി ഉയർന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവിൽ ഒരു മൃതദേഹം കൂടി കിട്ടി.
നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നു, ഓറഞ്ച്, മഞ്ഞ അലർട്ട് മുന്നറിയിപ്പ്
