50 രൂപയും ഒരു കുഞ്ഞുബാഗിൽ വസ്ത്രങ്ങളും; ഭക്ഷണം കഴിച്ചിട്ട് 2 ദിവസം; കുട്ടിയെ കണ്ടെത്തിയത് 37 മണിക്കൂറിനൊടുവിൽ
വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികൾ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ കുഞ്ഞ് ക്ഷീണിതയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. 37 മണിക്കൂർ നേരമായി പെൺകുട്ടിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കേരള പൊലീസ്.
വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികൾ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ കുഞ്ഞ് ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.
അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞിരുന്നു. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോഗസ്ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മാതാപിതാക്കൾക്ക് കുട്ടിയുമായി സംസാരിക്കാനുള്ള അവസരവും ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയിരുന്നു. മകളെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്നായിരുന്നു വിതുമ്പി, കണ്ണുനിറഞ്ഞ് മാതാപിതാക്കളുടെ പ്രതികരണം. രണ്ട് ദിവസമായി വിശന്നിരുന്ന കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമുണ്ടന്നും അവർ കണ്ണുനിറഞ്ഞ് പറഞ്ഞു. ഫോണിലൂടെ മകളെ ആശ്വസിപ്പിച്ചായിരുന്നു മാതാപിതാക്കൾ സംസാരിച്ചത്. സഹോദരിയെ കണ്ടെത്തിയതിൽ സന്തോഷമെന്നും കേരളത്തിന് നന്ദിയെന്നും തസ്മിദിന്റെ സഹോദരൻ പ്രതികരിച്ചു.
ഇന്നലെ തമ്പാനൂരിൽ എത്തി ട്രെയിൻ കയറിയ പെൺകുട്ടി കന്യാകുമാരിയിലെത്തി അവിടെ നിന്നുമാണ് ആസാമിലേക്കുള്ള ട്രെയിൻ കയറിയത്. ട്രെയിനിൽ സഞ്ചരിക്കവേ ബബിത എന്ന വിദ്യാർത്ഥിനി എടുത്ത കുട്ടിയുടെ ഫോട്ടോ ആണ് അന്വേഷണത്തിന് നിർണായകമായത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് കന്യാകുമാരിയില്‍ നിന്നാണ് പെണ്‍കുട്ടി ചെന്നെ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ട്രെയിനില്‍ നിന്നിറങ്ങി കുപ്പിയില്‍ കുടിവെള്ളം ശേഖരിച്ച ശേഷം വീണ്ടും ട്രെയിന്‍ കയറുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പ്രത്യേക പൊലീസ് സംഘം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇപ്പോൾ ആശ്വാസ വാർത്ത എത്തിയിരിക്കുന്നത്.