Asianet News MalayalamAsianet News Malayalam

500 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന രണ്ട് പേര്‍ പിടിയില്‍

ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറ‍ഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്.

500 cr investment fraud case two accused arrested
Author
First Published Sep 29, 2022, 1:27 PM IST

തൃശൂര്‍: തൃശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറ‍ഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്.

മൈ ക്ലബ് ട്രേഡേഴ്സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്, ടോണ്‍ടി വെഞ്ചേഴ്സ് എന്നീ കമ്പനികളുടെ മറവില്‍ അഞ്ഞൂറ് കോടിയിലേറെ രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ വടക്കാഞ്ചേരി സ്വദേശികളായ മലാക്ക രാജേഷ്, കൂട്ടാളി ഷിജോ പോള്‍ എന്നിവരെയാണ്  കോയമ്പത്തൂരില്‍ നിന്ന് തൃശൂര്‍ ഇസ്റ്റ്, വെസ്റ്റ് സിഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്ത് മാസം കൊണ്ട് ഇരട്ടി തുക നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം പതിനെണ്ണായിരം രൂപ പലിശ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സി വിനിമയം, സ്വര്‍ണ്ണം, വെള്ളി, ക്രൂഡ് ഓയില്‍ ട്രേഡിങ് എന്നിവയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ കോടികള്‍ സമാഹരിച്ചത്.

പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ നിന്ന് ഇരുവരെയും വലയിലാക്കിയത്. രാജേഷ് മാത്രം അമ്പത് കോടി രൂപയോളം സമാഹരിച്ചിരുന്നതായാണ് പൊലീസ് ലഭിച്ച വിവരം. നിക്ഷേപം കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായില്‍ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയതായും കണ്ടെത്തി. വടകരയില്‍ സ്വര്‍ണാഭരണ ശാല തുടങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios