ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങൾ; കാന്തപുരത്തെ അടക്കം വാനോളം പുകഴ്ത്തി സാദിഖ് അലി ശിഹാബ് തങ്ങള്‍
സമസ്ത മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഇസ്‌ലാമിക മതപണ്ഡിത വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് എന്നതില്‍ ഏറെ അഭിമാനമുണ്ട്.

മലപ്പുറം: ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളില്‍ ഇത്തവണയും ഇടം പിടിച്ച ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. സമസ്ത മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഇസ്‌ലാമിക മതപണ്ഡിത വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് എന്നതില്‍ ഏറെ അഭിമാനമുണ്ട്.
ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രതി വര്‍ഷം പട്ടിക പുറത്തിറക്കുന്നത്. യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, സൗദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുല്‍ അസീസ്, ഇറാനിലെ പരമോന്നത ശിയാ പണ്ഡിതന്‍ ആയത്തുല്ല അലി ഖുമൈനി, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ആദ്യ അമ്പതിലെ പ്രമുഖര്‍.
വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ ഡോ. നദ്വിയുടെ പ്രയത്‌നങ്ങള്‍ സമൂഹത്തിനും കേരളത്തിലെ വിദ്യാഭ്യാസ മേഖലക്കും ഏറെ മാതൃകയാണ്. അന്താരാഷ്ട്ര വേദികളിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും സന്ദര്‍ശനങ്ങളും ദാറുല്‍ഹുദായെയും കേരളീയ ജ്ഞാന പൈതൃകത്തേയും ദേശാന്തരമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് അനിര്‍വചനീയമായ പ്രയാണം തുടരുന്ന ദാറുല്‍ഹുദാ കുടുംബത്തിലെ ഒരംഗമാവാനും നദ്വിയുടെ സഹപ്രവര്‍ത്തകനാകാനും കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. ദീര്‍ഘകാലം ദീനിനും സമൂഹത്തിനും നിര്‍മാണാത്മത പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.