ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. 2022ൽ ആറ് അധ്യാപകർ പോക്സോ കേസുകളിൽ ഉൾപ്പെട്ടിരുന്നു.
തിരുവനന്തപുരം: രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ഗൗരവതരമായ കേസുകൾ. ഇതിൽ മുക്കാൽ ഭാഗത്തോളം ബലാത്സംഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണ്. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. 2022ൽ ആറ് അധ്യാപകർ പോക്സോ കേസുകളിൽ ഉൾപ്പെട്ടിരുന്നു. സ്കൂളുകളിലെ മറ്റു ജീവനക്കാരും പോക്സോ കേസുകളിൽ പ്രതികളാണ്. മലപ്പുറത്ത് അധ്യാപകനെതിരെ 9 പോക്സോ കേസുകളുള്ളതായി പൊലീസ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു കുട്ടിയാണ് ആദ്യം പരാതി നൽകുന്നത്. അതിന് പിറകെയാണ് മറ്റുള്ളവരും പരാതിയുമായി രംഗത്തെത്തുന്നത്. നിലവിൽ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളരെ വേഗത്തിലാണ് കേസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതോടെ ഇത്തരത്തിലുള്ള കേസുകൾ പുറത്തറിയുന്നുണ്ടെന്നും എന്നാൽ വെല്ലുവിളികൾ നിലനിൽക്കുകയാണെന്നും സ്കൂൾ അധികൃതർ പറയുന്നു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ബോധവത്കരണ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 20 വർഷം തടവ്, അരലക്ഷം രൂപ പിഴ
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു എന്നതാണ്. പ്രതിക്ക് 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്നു മാസം അധിക തടവ് കൂടി അനുഭവിക്കണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
