തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 55 തടവുകാർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും രണ്ടു ദിവസത്തിനുളളില്‍ ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചു.

സെൻട്രൽ ജയിലിലെ ഏഴാം ബ്ലോക്കിലെ 75 വയസ്സുള്ള ഒരു തടവുകാരനാണ് ആൻറിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  മറ്റ് തടവുകാരെ അതേ ബ്ലോക്കിൽ തന്നെ നിരീക്ഷണത്തിൽ നിർത്തി. പിന്നീട് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇത്രയും പേർക്കും ഒരു ജയിൽ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചത്.