കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം പ്രസവവാര്‍ഡിലെ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ ഹോം നഴ്സ് കാസര്‍കോട് സ്വദേശിയായ അശ്വതിയില്‍ നിന്നാണ് രണ്ട് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ഹോം നഴ്സായ യുവതിയില്‍ നിന്നും 56 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. കാസര്‍കോട് സ്വദേശി അശ്വതിയാണ് പിടിയിലായത്. ജയിലിലുള്ള ഭര്‍ത്താവിന് എത്തിച്ചു കൊടുക്കാന്‍ കൈവശം വെച്ചതാണെന്നാണ് യുവതിയുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം പ്രസവവാര്‍ഡിലെ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ ഹോം നഴ്സ് കാസര്‍കോട് സ്വദേശിയായ അശ്വതിയില്‍ നിന്നാണ് രണ്ട് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയത്.
യുവതിയുടെ പെരുമാറ്റത്തില്‍ വാര്‍ഡിലുള്ളവര്‍ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്ന് വിവരം ആശുപത്രി ജീവനക്കാരെയും മെഡിക്കല്‍ കോളേജ് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് വിശദമായി പരിശോധിച്ചപ്പോള്‍ രണ്ട് കുപ്പികളിലായി 56.59 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു. ഒരു കുപ്പിയില്‍ 29 ഗ്രാമും രണ്ടാമത്തെ കുപ്പിയില്‍ 27 ഗ്രാമും ഹാഷിഷ് ഓയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് എത്തിച്ചു നല്‍കാന്‍ കൈവശം വെച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയത്.
ഇവരുടെ ഭര്‍ത്താവ് കോഴിക്കോട് ജയിലില്‍ കഴിയുന്നുണ്ട്. ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് പരിശോധയ്ക്കായി എത്തിക്കുന്ന തടവുകാര്‍ വഴി ലഹരിമരുന്ന് ഭര്‍ത്താവിന് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ജയിലിലേക്ക് ലഹരിമരുന്ന് എത്തിക്കാന്‍ ആരെങ്കിലും സഹായിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയുടെ പേരില്‍ മറ്റ് കേസുകളൊന്നുമില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

