കോഴിക്കോട്: കൊവിഡ് 19(കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 14 പേര്‍ ഉള്‍പ്പെടെ 60 പേര്‍ കോഴിക്കോട്  ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലായി അഞ്ച് പേര്‍ നിരീക്ഷണത്തിലുണ്ട്. ആകെ 411 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

ഇതുവരെ സ്രാവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 39 ഫലങ്ങളും നെഗറ്റീവ് ആണ്. ഇനി നാലുപേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കൊവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്ന് വരികയാണ്.

രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജയശ്രീ വി. അറിയിച്ചു. ചൈന, ഇറ്റലി, ഇറാന്‍, ദുബായ്, സൗധി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും 28 ദിവസം ഹൗസ് ക്വാറന്റൈനില്‍ നില്‍ക്കണം. ഇവരില്‍ ചുമ, ശ്വാസതടസ്സം, പനി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.

Read Also: കൊവിഡ് 19: കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു