കാസർകോട്: എം സി കമറുദ്ദീനെതിരെ 7 വഞ്ചന കേസുകൾ കൂടി.  ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജ്വല്ലറി ചെയർമാനായ എം സി കമറുദ്ദീൻ എംഎൽഎയുടേയും എംഡി പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തത്.  
തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, പയ്യന്നൂർ സ്വദേശികളായ ആറ് പേരിൽ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിലെ കേസുകൾ. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് ടൗൺ സ്റ്റേഷനിലെ കേസ്.

ഇതോടെ എംഎൽഎ പ്രതിയായി 63 വ‌ഞ്ചന കേസുകളായി. അതേസമയം എംസി കമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻ‍ഡ് സയൻസ് കോളേജിൻ്റെ പേരിൽ 85 പേരിൽ നിന്ന് 5 ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തി. 

2013ൽ തുടങ്ങിയ കോളേജ് ഇപ്പോഴും പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വർഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവർത്തനമെന്നും എസ്എഫ്ഐ ആരോപിക്കുന്നു. അതേസമയം കോളേജിന്‍റെ പേരിൽ നിക്ഷേപ തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും നാല് മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.