കാസര്‍കോട്: കാഞ്ഞങ്ങാട് കടത്തിണ്ണയില്‍ തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കൊല്ലപ്പെട്ടെന്ന് രാജസ്ഥാൻ ദമ്പതികള്‍. മൃതദേഹം സമീപത്തെ മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചിട്ടെന്നും ദമ്പതികൾ പൊലീസിൽ മൊഴി നൽകി. രാജസ്ഥാൻ സ്വദേശികളായ വിജയുടേയും കാജലിന്‍റേയും ഏഴ് മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധന നടത്തും. 

ബലൂണ്‍ വില്‍പ്പനക്കായി ഒരു മാസം മുമ്പാണ് ദമ്പതികൾ കാഞ്ഞങ്ങാട് എത്തിയത്. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കടത്തിണ്ണയിലായിരുന്നു 
കുടുംബം കിടന്നുറങ്ങിയത്. ഓഗസ്റ്റ് ഏഴിന് തിരികെ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഇവർ. എന്നാൽ, കനത്ത മഴ മൂലം ട്രെയിൻ റദ്ദാക്കിയതിനാല്‍ പോകാൻ സാധിച്ചില്ല. അന്ന് രാത്രിയും റെയില്‍വേ സ്റ്റേഷന് സമീപത്താണ് കുടുംബം കിടന്നുറങ്ങിയത്.

രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നെന്നാണ് വിജയും കാജലും പറയുന്നത്. തൊട്ടടുത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ പുലര്‍ച്ചെ തന്നെ മൃതദേഹം കുഴിച്ചിട്ടു. പിന്നാലെ ഇരുവരും കണ്ണൂരിലേക്ക് പോയി. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പൊലീസ് പിടികൂടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആരോ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും ഇരുവരും പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ നേതൃത്വത്തിൽ മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തുക.