വഴി തർക്കത്തെ തുടർന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. തൊങ്ങലിയിൽ രമണനാണ് വെട്ടേറ്റത്

പത്തനംതിട്ട: പത്തനംതിട്ടയിൽ 71കാരനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് വയോധികന് നേരെ ആക്രമണം ഉണ്ടായത്. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ജുവും സംഘവുമാണ് ആക്രമണം നടത്തിയത്.

വഴി തർക്കത്തെ തുടർന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. തൊങ്ങലിയിൽ രമണനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ജെസിബി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ വീടിന്റെ മതിൽ പൊളിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് മതിൽ പൊളിച്ചുനീക്കിയത്. 

രമണന്റെ വീട്ടിന് പുറകിൽ താമസിക്കുന്ന ആറ് വീടുകളിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് രമണന്റെ മകൻ നടരാജ് പറഞ്ഞു. തന്റെ അഞ്ച് മാസം ഗർഭിണിയായ ഭാര്യയും വീട്ടിലുണ്ടായിരുന്നു. 11.45 ഓടെയാണ് സംഘം വീട്ടിലെത്തിയത്. ആദ്യം തോട്ടയെറിഞ്ഞു, അപ്പോൾ തന്നെ ഭാര്യ ബോധംകെട്ട് വീണു. ഭീതിയുടെ സാഹചര്യമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സംഘം എത്തിയ ഉടനെ തന്നെ പൊലീസിനെ വിളിച്ചു. അവരെത്താൻ വൈകിയെന്നും അവർ നോക്കിനിൽക്കെയാണ് പറമ്പിലെ ഒരു മരം കൂടി വെട്ടിയിട്ടതെന്നും നടരാജ് പറഞ്ഞു. 25 ഓളം പേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും നടരാജ് വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.