25 കിലോ സ്വര്‍ണവുമായി കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍ 

തിരുവനന്തപുരം: 25 കിലോ സ്വര്‍ണം കടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും എറണാകുളം സെറീന ഷാജിയുമാണ് ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. 

ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളാണ് സെറീന ഷാജി. ഏതാണ്ട് എട്ട് കോടിയോളം മൂല്യം വരുന്ന സ്വര്‍ണമാണ് ഇരുവരും കൂടി കടത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള വിമാനത്തിലാണ് ഇരുവരും എത്തിയത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെയാണ് 25 കിലോ സ്വര്‍ണം ബിസ്കറ്റ് രൂപത്തില്‍ ബാഗിനുളള സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും ഡിആര്‍ഐ അറിയിച്ചു. തിരുവന്തപുരം വിമാനത്താവളത്തില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. രണ്ടാഴ്ച മുന്‍പ് എട്ടു കിലോയോളം സ്വര്‍ണം ഇവിടെ നിന്ന് പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തിന് വിമാനത്താവളത്തിലെ ജീവനക്കാരുടെ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.