തിരുവനന്തപുരം: സെപ്തംബറിൽ കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്രമാകുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പ് ശരിവച്ചു കൊണ്ട് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് നൂറിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 464 പേർക്കാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 

കോഴിക്കോട്, മലപ്പുറം, കാസർകോട്, പാലക്കാട് ജില്ലകളിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതോടെ മലബാറിൽ കൊവിഡ് ഭീതി ഇരട്ടിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായി ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. കോഴിക്കോട് നഗരത്തിലെ തീരദേശമേഖലയിൽ രോഗവ്യാപനം ശക്തമായി തുടരുകയാണ്. 

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.