തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 131 ഗ്രാം എംഡിഎംഎ പിടികൂടി. തുണിക്കച്ചവടത്തിന്റെ മറവിൽ എട്ട് വയസ്സുകാരിയെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്താണ് സംഘം ലഹരി കടത്തിയിരുന്നത്
തിരുവനന്തപുരം: തലസ്ഥാനത്ത് എട്ട് വയസ്സുകാരിയെ മറയാക്കി എം ഡി എം എ കടത്തിയ കുടുംബം ഉൾപ്പെടെയുള്ളവർ എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായി. രണ്ട് സ്ഥലങ്ങളിൽ നിന്നായി ആകെ 131 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്. തിരുപ്പൂരിലും ബംഗളൂരുവിലും കുടുംബമായി യാത്ര ചെയ്ത് വസ്ത്രക്കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കടത്ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറാമൂട് ചന്തയ്ക്ക് സമീപത്തു വെച്ച് എക്സൈസ് വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് മ്യൂസിക് സിസ്റ്റത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തിയത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ, അമ്മ ബീന എന്നിവരാണ് ലഹരിക്കടത്തിലെ മുഖ്യ കണ്ണികൾ. കിരണിന്റെ ആദ്യവിവാഹത്തിലെ എട്ടു വയസ്സുകാരിയായ മകൾ, കിരണിന്റെ 18 വയസ്സുള്ള വനിതാ സുഹൃത്ത് സന്ധ്യ, സുഹൃത്തായ അക്ഷയ് എന്നിവരും ലഹരി വാങ്ങാനുള്ള യാത്രകളിൽ വാഹനത്തിലുണ്ടാകാറുണ്ട്.
കുടുംബമായി യാത്ര
കുടുംബമായി യാത്ര ചെയ്യുന്നതുകൊണ്ട് കർണാടക, തമിഴ്നാട് അതിർത്തികളിൽ വിശദമായ പരിശോധനയില്ലാതെ വാഹനം കടത്തിവിട്ടിരുന്നു. അറസ്റ്റിന് ശേഷം കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇത്തരത്തിൽ ലഹരി വിൽപ്പന നടത്തിവരികയായിരുന്നു. മറ്റൊരു സംഭവത്തിൽ ബീമാപ്പള്ളിയിൽ നിന്ന് 26 ഗ്രാം എം ഡി എം എയുമായി സുഹൈൽ എന്ന യുവാവിനെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. തുണിക്കച്ചവടത്തിന്റെ മറവിൽ നടന്ന ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
