Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് 86 പേര്‍ക്ക് കൊവിഡ്, ഏറ്റവും കൂടിയ പ്രതിദിന കണക്ക്

സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്ന് 86 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേർക്ക് ഭേദമാവുകയും ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു

86 more confirmed covid in Kerala 19 test negative
Author
Thiruvananthapuram, First Published Jun 2, 2020, 5:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്ന് 86 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേർക്ക് ഭേദമാവുകയും ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസി(77)നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Follow Us:
Download App:
  • android
  • ios