ബജറ്റിലെ നികുതി വർധനയെ ചൊല്ലിയായിരുന്നു ആദ്യ പോരാട്ടം. കവാടത്തിൽ നാല് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം തുടങ്ങുന്നതിനും കേരള നിയമസഭ സാക്ഷ്യം വഹിച്ചു. ഫെബ്രുവരി ഒമ്പതിന് സഭ താത്കാലികമായി പിരിഞ്ഞതോടെ പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും വ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം സാക്ഷിയായത് അസാധാരണമായ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ പലവട്ടമാണ് നേർക്കുനേർ പോർവിളി നടത്തിയത്. നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാൻ വരെ ആലോചിച്ച സർക്കാർ ഒടുവിൽ ഗവർണറുമായി അനുനയത്തിലെത്തിയാണ് സഭാ സമ്മേളനം തുടങ്ങിയത്. പക്ഷേ പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിൽ ഉടനീളം കണ്ടത് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വൻ പോരിനാണ്.

ബജറ്റിലെ നികുതി വർധനയെ ചൊല്ലിയായിരുന്നു ആദ്യ പോരാട്ടം. കവാടത്തിൽ നാല് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം തുടങ്ങുന്നതിനും കേരള നിയമസഭ സാക്ഷ്യം വഹിച്ചു. ഫെബ്രുവരി ഒമ്പതിന് സഭ താത്കാലികമായി പിരിഞ്ഞതോടെ പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും വ്യാപിച്ചു. 27ന് വീണ്ടും സഭ തുടങ്ങിയപ്പോൾ കത്തിപ്പടർന്നത് സ്വ‍ർണക്കടത്തും ലൈഫ് മിഷൻ അടക്കമുള്ള വിവാദ വിഷയങ്ങളുമാണ്. അടിയന്തിരപ്രമേയ നോട്ടീസിന്മേൽ സഭാതലം കണ്ടത് തീ പാറും വാക്പോരുകളും ഏറ്റുമുട്ടലുമാണ്. 

പോർവിളി മുഴുവൻ നടന്ന അടിയന്തിരപ്രമേയ നോട്ടീസുകൾ പിന്നെ കൂട്ടത്തോടെ സ്പീക്കർ തള്ളി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം പിന്നെ സ്പീക്കർക്കെതിരെയാക്കി. സമാന്തര സഭ ചേർന്നും സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഉപരോധം തീർത്തും ഏതറ്റം വരെയും പോകാമെന്നുള്ള നിലപാടിലായിരുന്നു പ്രതിപക്ഷം. സംഘർഷത്തിൽ ഇരുപക്ഷത്തെയും എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുക്കുന്ന സാഹചര്യവുമുണ്ടായി.

പ്രതിപക്ഷം കൊണ്ട് വരുന്ന അടിയന്തിര പ്രമേയങ്ങള്‍ കൂട്ടത്തോടെ തള്ളുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം കണക്കുകള്‍ നിരത്തി ഭരണപക്ഷം പ്രതിരോധിച്ചു. ഇഎംഎസ് മുതല്‍ പിണറായിക്കാലം വരെ നടന്നിട്ടുള്ള അടിയന്തിര പ്രമേയങ്ങളുടെ കണക്കുകള്‍ അവതരിപ്പിച്ചാണ് പ്രതിപക്ഷ ആരോപണത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കം സഭയ്ക്ക് പുറത്ത് ചെറുത്തത്. ഒടുവില്‍ സമവായത്തിനായി വിളിച്ച സർവ്വകക്ഷി യോഗത്തിൽ വരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പോർവിളിച്ചതോടെ സഭ നടപടികള്‍ തുടരാനുള്ള സാധ്യതകള്‍ മങ്ങി.

സഭ നടത്തിക്കൊണ്ട് പോകാൻ ഒട്ടും പറ്റാത്ത അസാധാരണ സ്ഥിതിക്കൊടുവിലാണ് സമ്മേളനം വെട്ടിച്ചുരുക്കി പിരിഞ്ഞത്. ഈ മാസം 30 വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. ആകെ 21 ദിവസം മാത്രമാണ് സമ്മേളനം നടന്നത്. ആകെ എട്ട് ബില്ലുകള്‍ മാത്രമാണ് പാസാക്കപ്പെട്ടത്. 2022-ലെ കേരള പഞ്ചായത്ത് രാജ് ബില്‍, 2022-ലെ കേരള മുനിസിപ്പിലാറ്റി ബില്‍, 2021-ലെ കേരള പൊതുജനാരോഗ്യ ബില്‍ എന്നിവയാണ് പാസാക്കപ്പെട്ടത്. 

'പ്രചരിപ്പിക്കുന്നത് കള്ളം'; കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്