തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവി‍‍ഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായും 34 രോഗികൾ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, ആലപ്പുഴ ജില്ലയിൽ 11 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 10 പേർക്കും, കോട്ടയം ജില്ലയിൽ 8 പേർക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ 6 പേർക്ക് വീതവും, കൊല്ലം, കണ്ണൂർ ജില്ലകളിൽ 5 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ 4 പേർക്കും, കാസർഗോഡ് ജില്ലയിൽ 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരത്തെ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടും. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 42 ആയി. പത്ത് പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത പാലക്കാട് ജില്ലയിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ഇതുവരെ 161 പേർക്കാണ് കൊവിഡ് സമ്പർക്കത്തിലൂടെ പകർന്നത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാൻ- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-14, തമിഴ്‌നാട്-5, ഡൽഹി-5, കർണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്.പാലക്കാട് ജില്ലയിലെ 4 പേർക്കും തൃശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും കണ്ണൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 

ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 6 പേരുടെയും, തൃശൂർ, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 848 പേർ ഇതുവരെ കോവിഡ് മുക്തരായി.