തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കിത്തുടങ്ങി.  ഹെൽമെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തില്‍ ഹെൽമെറ്റ് ധരിക്കാതെ  യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 455 പേർക്ക് ഇന്ന് പിഴ  ചുമത്തി.  

ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിൽ  നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ. സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്ത 77 പേർക്കും പിഴ ചുമത്തി. ആകെ 2,50,500 യാണ് മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നത് തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. 85 എൻഫോഴ്സ്മെന്റ് സ്വാഡുകളാണ് പരിശോധന നടത്തുന്നത്. 

ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാരും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. മോട്ടോർവാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോഴും പൊലീസ് കാര്യമായ പരിശോധന നടത്തുന്നില്ല.  പരിശോധനക്ക് ഡിജിപി കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.  ഇരു യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിന്റെ രണ്ടാം ദിവസം കൂടുതൽ പേർ നിയമം പാലിക്കാൻ തയ്യാറായിട്ടുണ്ട്.  കുട്ടികൾക്കുള്ള ഹെൽമെറ്റിന്റെ ക്ഷാമം പല യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നുണ്ട്.