കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോർഡിനേറ്ററാണ് ഭണ്ഡാരം കാണാൻ കയറിയത്. അവിട്ടേക്ക് മറ്റാർക്കും പ്രവേശനമില്ലെന്നും ഇനി ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.

കൊച്ചി: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഐജി കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. അങ്ങോട്ടേക്ക് മറ്റാർക്കും പ്രവേശനമില്ലെന്ന് പറഞ്ഞ കോടതി, ഇനി ആവർത്തിക്കരുത് എന്നാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോർഡിനേറ്ററാണ് ഭണ്ഡാരം കാണാൻ കയറിയത്. ഐജിയുടെ സന്ദർശനത്തിനെതിരെ ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട്‌ നൽകിയിരുന്നു. റിപ്പോർട്ട്‌ പരിഗണിച്ചാണ് കോടതി ഇടപെടൽ.

ഡിസംബര്‍ 11 ന് രാവിലെ ഒമ്പതോടെയാണ് ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററും ഐജിയുമായ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമിലും സിവില്‍ ഡ്രസിലുമായി ഭണ്ഡാരം മുറിയില്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ പ്രവേശിച്ചെന്നാണ് ഭണ്ഡാരം സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം നടപടികൾ ഒഴിവാക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശനമായ താക്കീതാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

ശബരിമല തീർത്ഥാടനത്തിനും മാര്‍ഗ നിര്‍ദേശം

ശബരിമല വെർച്വൽ ക്യൂ വഴിവിലും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം കടുപ്പിച്ചു. നേരത്തെ ബുക്ക് ചെയ്ത തീർത്ഥാടകരെ മാത്രമേ പുല്ലുമേട് വഴി കടത്തിവിടാവൂ എന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കി. എരുമേലിയിൽ നിന്നും കാനന പാത വഴി വരുന്നവർക്കും ബുക്കിംഗ് നിർബന്ധമാണെന്ന് ഹൈക്കോടതി അറിയിച്ചു.