തിരുവനന്തപുരം: പൊതുനിരത്തിൽ മാസ്ക് ധരിക്കാത്തതിനാൽ 954 കേസ് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം നാല് മണിവരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയുമാകും ചുമത്തുക. ഇങ്ങിനെ പിടികൂടിയാൽ ആദ്യം 200 രൂപയും വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ചുമത്തും. ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസെടുടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്ക്ക്, തോർത്ത്, കർച്ചീഫ് എന്നിവ ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പല്ലേ തോറ്റുപോകും എന്ന പേരിൽ ആരംഭിക്കുകയാണെന്നും അദ്ദേഹം പഞ്ഞു.