Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 961 കോടി രൂപ അനുവദിച്ചു

സംസ്ഥാന വ്യവസായ സംരക്ഷണ സേനയുടെ (എസ്.ഐ.എസ്.എഫ്) വിപുലീകരണത്തിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. 

961 crore released for the reconstruction of roads damaged in flood
Author
Thiruvananthapuram, First Published Jan 7, 2020, 1:34 PM IST

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം 961 കോടി രൂപ അനുവദിച്ചു. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് നല്‍കുക. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. 

'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാണ് റോഡ് നിര്‍മ്മാണ പദ്ധതി നടപ്പാക്കുക. നവീകരണ പ്രവൃത്തികളുടെ  മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കും ഇതോടൊപ്പം ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും. 

ഓരോ ജില്ലക്കും അനുവദിക്കുന്ന തുക (കോടിയില്‍)

  1. തിരുവനന്തപുരം - 26.42 
  2. കൊല്ലം - 65.93 
  3. പത്തനംതിട്ട - 70.07 
  4. ആലപ്പുഴ - 89.78 
  5. കോട്ടയം - 33.99 
  6. ഇടുക്കി - 35.79 
  7. എറണാകുളം - 35.79 
  8. തൃശ്ശൂര്‍ - 55.71 
  9. പാലക്കാട് - 110.14 
  10. മലപ്പുറം - 50.94 
  11. കോഴിക്കോട് - 101 
  12. വയനാട് - 149.44 
  13. കണ്ണൂര്‍ - 120.69 
  14. കാസര്‍ഗോഡ് - 15.56 

സംസ്ഥാന വ്യവസായ സംരക്ഷണ സേനയുടെ (എസ്.ഐ.എസ്.എഫ്) വിപുലീകരണത്തിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. 
ഇതിനായി രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക. 

സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011-ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് സേന വിപുലീകരിക്കുന്നത്. നിലവില്‍  979 പേരുള്ള സേനയുടെ അംഗബലം മുവായിരമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം. 

മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍ - 

  • കേരള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജന്‍സി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി 33 തസ്തികകള്‍ സൃഷ്ടിക്കും. 
  • ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള സൊസൈറ്റിയായ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റിന്‍റെ (സി-സ്റ്റെഡ്) പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 
  • സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ താല്‍ക്കാലിക /  കരാര്‍ / ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന 13 പേരെ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ഇവരില്‍ 6 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ്. 
  • സ്റ്റീല്‍ ആന്‍റ് ഇന്‍ഡസ്ട്രീയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി പുല്ലാനിക്കാട്ട് സുരേഷിനെ നിയമിക്കാന്‍ തീരുമാനിച്ചു. 
  • ഹാന്റ് വീവ് മാനേജിംഗ് ഡയറക്ടറായി അനൂപ് നമ്പ്യാരെ നിയമിക്കാന്‍ തീരുമാനിച്ചു. 
  • മുന്‍ കൃഷി ഡയറക്ടര്‍ എ.ആര്‍. അജയകുമാറിനെ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു.
Follow Us:
Download App:
  • android
  • ios