പശുവിനെ ആക്രമിച്ചത് പുലിയെന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വെക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
മാനന്തവാടി : വയനാട് പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചു. നേരത്തെ കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. പുലി ആണോ എന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വെക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
കടുവാപ്പേടിയിൽ പഞ്ചാരക്കൊല്ലി, തെരച്ചിൽ തുടരും; ഇന്ന് ഉന്നതതല യോഗം ചേരും
അതേ സമയം പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം തുടരുകയാണെന്നും കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. കടുവയെ കണ്ടു പിടിക്കുകയെന്നതാണ് ഇന്നത്തെ ദൗത്യം. മാർക്ക് ചെയ്ത സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.
3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് തെരച്ചിലിന് ഇറങ്ങിയത്. ഡോ. അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവർ ഡാർട്ടിങ് ടീമിനെ നയിക്കും. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങൾ സംഘത്തിലുണ്ടാകും. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ. കടുവയെ സ്പോട് ചെയ്താൽ ഏറ്റവും അടുത്തുള്ള ദർട്ടിങ് ടീമിനെ അറിയിക്കും.

