പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും 

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ (Pension) സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും

ഗവര്‍ണ്ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കും. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല. സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. 

എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. ഇതേക്കുറിച്ചും പതിനൊന്നാം ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നാല് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള പേഴ്സണല്‍ സ്റ്റാഫിനേ പെൻഷൻ കൊടുക്കാവൂവെന്ന് ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കാതെ ഒഴിഞ്ഞു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാട് എടുത്ത സാഹചര്യത്തില്‍ ഇനി സ്വന്തക്കാരെ നിയമിച്ച് അവര്‍ക്ക് പെൻഷൻ നല്‍കുന്ന രീതിയില്‍ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്.

  • അയൽവാസികൾ പോലും അറിയാതെ വ്യാജവാറ്റ്; മണം പുറത്താവാതിരിക്കാന്‍ സാങ്കേതിക വിദ്യ, ഒടുവില്‍ പൊലീസ് പൊക്കി

വീട് വാടകയ്‌ക്കെടുത്ത് വ്യാജവാറ്റ് (Illegal liqour sale) കേന്ദ്രം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. തൃശൂർ അന്നമനടയ്ക്കടുത്ത് വാറ്റു കേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രധാന പാതയ്ക്ക് അരികിലായുള്ള വീട്ടിൽ ഇയാൾ വാറ്റുകേന്ദ്രം നടത്തിയത്. 

കല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള പഴയ വീട് സുനിൽ കുമാർ വാടകയ്ക്ക് എടുത്തത് രണ്ടു വർഷം മുൻപാണ്. കുടുംബത്തോടൊപ്പം ഇവിടെ തന്നെയാണ് താമസം. രണ്ട് വർഷമായി വീട്ടിൽ വൻതോതിൽ വാറ്റുചാരായം ഉണ്ടാക്കുന്നുണ്ട്‌. എന്നാൽ അയൽവാസികൾക്ക് പോലും ഇതുവരെ യാതൊരു സംശയത്തിനും ഇട നൽകാതെയായിരുന്നു പ്രവർത്തനം.

ആരും അറിയാതിരിക്കാന്‍ ആവശ്യമായ മുൻകരുതലൊരുക്കിയാണ് വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു. ഇടപാടുകാരെ ഒരാളെ പോലും താമസിക്കുന്ന വീട്ടിലേക്ക് സുനിൽകുമാർ അടുപ്പിക്കാറില്ല. ആവശ്യക്കാർക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നേരിട്ട് നടത്തിയ പരിശോധനയിലാണ് വൻതോതിൽ വാറ്റ് നിര്‍മിക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വില്‍ക്കാൻ വെച്ചിരുന്ന മൂന്നര ലിറ്റര്‍ വാറ്റ് ചാരായവും 500 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വാറ്റ് വിതരണത്തിനായി 2 ചാക്ക് നിറയെ പ്ലാസ്റ്റിക് കുപ്പികള്‍ ഇയാള്‍ ശേഖരിച്ചുവച്ചിരുന്നു. വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വാറ്റ് കേന്ദ്രത്തെ കുറിച്ച് അറിയുന്നത്. റെയ്‌ഡ് വിവരം അറിഞ്ഞ സുനിൽ കുമാർ മുങ്ങി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.