കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയും മകന്‍ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണിയുമാണ് വ്യത്യസ്ത പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി പുതിപ്പള്ളിയിലെത്തിയത്.

കോട്ടയം: രാഷ്ട്രീയമായി എതിര്‍ചേരിയിലായ ഒരച്ഛനും മകനും പുതുപ്പള്ളിയില്‍ ഇന്ന് വോട്ടുപിടിക്കാനിറങ്ങി. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയും മകന്‍ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണിയുമാണ് വ്യത്യസ്ത പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി പുതിപ്പള്ളിയിലെത്തിയത്. പരസ്പരം കണ്ടില്ലെങ്കിലും ഇരുവര്‍ക്കുമിടയിലെ രാഷ്ട്രീയ വിയോജിപ്പിന്‍റെ ആഴം രാഷ്ട്രീയ കേരളം ഇന്ന് കണ്ടു.

പ്രിയ സുഹൃത്തായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വീടിനടുത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യാണമെന്നാണ് ഇന്ന് എ കെ ആന്‍റണി പ്രസംഗിച്ചത്. ഇവിടെ നിന്ന് അധികമൊന്നും ദൂരയല്ലാത്ത ഒരിടത്ത് മകന്‍ അനില്‍ ആന്‍റണി വീട് കയറി താമര ചിഹ്നത്തിന് വേണ്ടി വോട്ടുപിടിക്കുന്നു. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ ഒരു വീട്ടില്‍ രണ്ട് മുറികളിലായവരാണ് ഇരുവരും. ഇത് ആശയ പോരാട്ടമാണെന്നാണ് അനില്‍ ആന്‍റണി പറയുന്നത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല നടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണെന്ന് അനില്‍ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചാണ്ടി ഉമ്മന്‍ എന്നും തന്‍റെ നല്ല സുഹൃത്തായിരിക്കുമെന്നും എന്നാല്‍, രാഷ്ട്രീയ പരമായി തനിക്ക് വ്യത്യസ്ത കാഴ്ചപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈപ്പത്തിക്കും താമരയ്ക്കും വോട്ട് ചോദിച്ച് അച്ഛനും മകനും

അതേസമയം, ഉമ്മൻ ചാണ്ടിയെ കുറിച്ച് വൈകാരികമായി സംസാരിച്ച എ കെ ആന്റണി മുഖ്യമന്ത്രി പിണറായി വിജയനെയും രണ്ടാം പിണറായി സർക്കാരിനെയും നിശിതമായി വിമർശിച്ചു. ഉമ്മൻ‌ചാണ്ടിയെ പോലൊരു ആത്മസുഹൃത്ത് തനിക്ക് വേറെയില്ലെന്നും ഇനി ഉണ്ടാവാനും പോകുന്നില്ലെന്നും എ കെ ആന്റണി പറഞ്ഞു. റബറിന്റെ സംഭരണ വില 250 ആകുമെന്ന് പറഞ്ഞ പിണറായി ഇപ്പോൾ മിണ്ടുന്നില്ലെന്നും 20 ലക്ഷം പേർക്ക് തൊഴിൽ നൽകിയെങ്കിൽ എന്തിനാണ് ചെറുപ്പക്കാർ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. നെൽകർഷകർ പണം കിട്ടാൻ പട്ടിണി സമരം നടത്തേണ്ടി വരുന്ന സാഹചര്യമാണ്. കർഷകന്റെ വരുമാനം 50% വർധിക്കുമെന്ന് പറഞ്ഞിട്ട് എന്തായിയെന്നും രണ്ടാം പിണറായി സർക്കാർ എന്താണ് നടപ്പാക്കിയതെന്നും പുതുപ്പള്ളിയിൽ ഇതൊന്നും പറയാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

Also Read: കെ റെയില്‍ വരുമോ? പുതുപ്പള്ളിയില്‍ ഒരക്ഷരം മിണ്ടാതെ ഇടത് നേതാക്കള്‍, ചോദ്യങ്ങള്‍ക്ക് തന്ത്രപൂർവ്വം മറുപടി