തിരുവനന്തപുരം: ഗവര്‍ണറെ സര്‍ക്കാര്‍ പരിപാടികള്‍ക്ക് വിളിക്കണ്ടെന്ന് തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. പദവിയില്‍ ഇരിക്കുന്നവര്‍ എന്ത് പറയണമെന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. കെ കരുണാകരൻ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണറെ വെട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചിരുന്നത്. 

പൗരത്വ നിയമത്തിനെതിരെയുള്ള എല്‍ഡിഎഫ് യുഡിഎഫ് സംയുക്ത സമരത്തിനെ തള്ളിയ മുല്ലപ്പള്ളിയെയും മന്ത്രി വിമര്‍ശിച്ചു. ഇന്ത്യക്ക് മാതൃകയായ സമരത്തെയാണ് മുല്ലപ്പള്ളി തള്ളിപ്പറഞ്ഞതെന്നും അദ്ദേഹത്തിന്‍റെ പ്രസ്ഥാവനയുടെ ലക്ഷ്യം എന്തെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം പൗരത്വ നിയമഭേദഗതി ചർച്ച ചെയ്യാൻ ഞായറാഴ്ച രാഷ്ട്രീയപ്പാർട്ടികളുടേയും മത-സാമൂദായിക നേതാക്കളുടേയും യോഗം സംസ്ഥാന സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതി ജനങ്ങളിലൂണ്ടാക്കിയ കടുത്ത  ആശങ്കയുടെ പശ്ചാത്തലത്തിലാണ് സർവകക്ഷിയോഗം വിളിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.