നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്നും ഇതിനായി സര്‍ക്കാരിന്‍റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും  എ കെ ബാലന്‍ ഉറപ്പുനല്‍കി. ആദിവാസികൾക്കായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കർ ഭൂമിയും മറ്റുള്ളവർക്കായി മുണ്ടേരി ഫാമിലെ ഭൂമിയും ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കവളപ്പാറ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുക. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 21 പേരെ കൂടി കണ്ടെത്താനുണ്ട്. പതിനാലോളം ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് തിരച്ചിൽ . മഴ മാറി നിൽക്കുന്നതും തിരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.