കണ്ണൂര്‍: വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ച സംഭവമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഡ്രൈവര്‍മാരുടെ ക്യാബിന്‍ പ്ലാസ്റ്റിക്ക് കൊണ്ട് മറയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ട് സര്‍വീസുകളില്‍ അടുത്ത ദിവസം മുതല്‍ ഇത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാരുടെ ക്യാബിൻ പൊളിത്തീൻ കവറുകൊണ്ട് മറക്കണം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കത്തതിലും ആവശ്യത്തിന് സാനിറ്റൈസർ നൽകാത്തതിലും ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. 

മുഴക്കുന്ന് സ്വദേശിയായ ഡ്രൈവർ കഴിഞ്ഞ 27 ആം തിയതി തജിക്കിസ്ഥാനിൽ നിന്നും വന്ന യാത്രക്കാരെയും കൊണ്ട് കൊല്ലത്തേക്ക് പോയിരുന്നു. യാത്രക്കാരിലൊരാൾ വഴിയാണ് ഡ്രൈവ‍ർക്ക് രോഗം പകർന്നത്. ഡിപ്പോയിൽ ഇദ്ദേഹം ഓഫീസിലും വിശ്രമമുറിയിലും പെട്രോൾ പമ്പിലും മെക്കാനിക്ക് വിഭാഗത്തിലും പോയിരുന്നു. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ കെഎസ്ആര്‍ടിസി ഡിപ്പോയിലെ  40 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്തു. ബസ്സുകളും ഡിപ്പോ പരിസരവും അണുവിമുക്തമാക്കി. റിസർവ്വിൽ ഡ്രൈവർമാരുള്ളതിനാൽ കെഎസ്ആ‍ടിസി സർവീസ്  മുടങ്ങില്ല.