കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതുകൊണ്ടു മാത്രം പ്രതി രക്ഷപ്പെടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ദൃക്സാക്ഷികളുടെ മൊഴിയും ഡോക്ടറുടെ മൊഴിയും പ്രധാനമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, കേസിന്റെ അന്വേഷണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. മ്യൂസിയം ക്രൈം എസ്ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൻ വീഴ്ച ഇക്കാര്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസിൽ എഫ്ഐആര്‍ ഇട്ടത്. 

പൊലീസ് സ്റ്റേഷൻ രേഖകളിൽ അപകടം നടന്ന വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. രക്തസാമ്പിളുകൾ ശേഖരിക്കാനും എസ്ഐ ജയപ്രകാശ് വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. ശ്രീറാമിനെ സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതും പൊലീസിന്‍റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോ രാകേഷ് രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് പൊലീസ് ഭാഷ്യം.

സ്വകാര്യ ആശുപത്രിയിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടി വൻ വിവാദമായതോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം കഴിഞ്ഞദിവസം പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടൻ തന്നെ സര്‍ജിക്കൽ ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്ന് രാവിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. എന്നാൽ എന്താണ് സംഭവിച്ചത് എന്നതടക്കം ആരോഗ്യസ്ഥിതി സംബന്ധിച്ച ഒരു വിവരവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്ത് വിട്ടിട്ടില്ല. അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെൻഷൻ നടപടികൾ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.