കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിയും, ജനങ്ങളുടെ ബുദ്ധിമുട്ടും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നത് 1000 കോടിരൂപയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിയും, ജനങ്ങളുടെ ബുദ്ധിമുട്ടും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രതിസന്ധിക്കിടയിലും കെഎസ്‍ആർടിസിയെ സംരക്ഷിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ മറുപടിയായി പറഞ്ഞു. 

എം വിന്‍സന്‍റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കെഎസ്‍ആർടിസി സർവ്വീസ് റദ്ദാക്കിയത് സാധാരണക്കാരെ വലയ്ക്കുകയാണ്. 700 ഷെഡ്യൂളുകൾ കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചു. എൽഡിഎഫ് പോകും എല്ലാം ശരിയാകും എന്ന നിലയിൽ കാര്യങ്ങളായെന്നും എംഎല്‍എ പറഞ്ഞു.ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയായെന്നും കെഎസ്‍ആർടിസിയെ രക്ഷിക്കാനുള്ള ബജറ്റ് പ്രഖ്യാപനമൊന്നും നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

തുടര്‍ച്ചയായി രണ്ടാംമാസവും ശമ്പള വിതരണം പ്രതിസന്ധിയിലായതോടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഈ മാസം ഇതുവരെ പകുതി ശമ്പളം മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കിട്ടിയ 15 കോടിയും ആദ്യവാരത്തിലെ കളക്ഷനും ചേര്‍ത്താണ് പകുതി ശമ്പളമെങ്കിലും നല്‍കിയത്. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 37 കോടി രൂപ കോടി രൂപ കൂടി കണ്ടെത്തണം. സര്‍ക്കാര്‍ സഹായം കിട്ടിയില്ലെങ്കില്‍ ശമ്പള കുടിശ്ശിക വിതരണം മാസാവസാനം വരേ നീണ്ടേക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലിയിരുത്തല്‍.