തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്നതെന്ന പേരിൽ ശബ്ദരേഖ പുറത്തുവിട്ട് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമം. അങ്ങനെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷിന്‍റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയിൽ പറയുന്നു.

ശബ്ദരേഖയിൽ പറയുന്നതിങ്ങനെ: ''അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്‍റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്ക്രോൾ ചെയ്തിട്ട് എന്‍റടുത്ത് ഒപ്പിടാൻ പറഞ്ഞേ. ഇന്ന് എന്‍റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‍മെന്‍റ് എന്ന് പറഞ്ഞാ, ഞാൻ ശിവശങ്കറിന്‍റെ കൂടെ ഒക്ടോബറില് യുഎഇയിൽ പോയി, സിഎമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോഷ്യേഷൻസ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവർ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്സ് ചെയ്ത്. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്നമുണ്ടാക്കിയത് കൊണ്ടേ..''..

എന്ന അർദ്ധോക്തിയിൽ ആ ശബ്ദരേഖ അവസാനിക്കുന്നു.

(ഈ ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേതെന്ന് അവകാശപ്പെടുന്നത് വാർത്ത പുറത്തുവിട്ട ഓൺലൈൻ മാധ്യമമാണ്. ഏഷ്യാനെറ്റ് ന്യൂസിന് അവർ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ കഴിയില്ല)