പൊതുവഴി മുടങ്ങിയത് ഇവിടുത്തെ ജനജീവിതത്തേയും  കാര്യമായി ബാധിച്ചിരിക്കുകയാണ്.  പൊലീസിലും വില്ലേജിലും പഞ്ചായത്തിലും തഹസിൽദാർക്കും നാട്ടുകാര്‍ പരാതി കൊടുത്തു.  

പാലക്കാട്: പല്ലാവൂരിൽ ഇരുപതിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുവഴി കെട്ടിയടച്ചതായി പരാതി. പല്ലാവൂർ തെക്കുംപുറം പാടശേഖരത്തിലേക്കും സമീപത്തെ ശ്മശാനത്തിലേക്കുമുളള വഴി മോഹന്‍ദാസ് എന്നയാളാണ് വേലികെട്ടി അടച്ചത്. പൊതുവഴി മുടങ്ങിയത് ഇവിടുത്തെ ജനജീവിതത്തേയും കാര്യമായി ബാധിച്ചിരിക്കുകയാണ്. പൊലീസിലും വില്ലേജിലും പഞ്ചായത്തിലും തഹസിൽദാർക്കും നാട്ടുകാര്‍ പരാതി കൊടുത്തു. 

മോഹൻദാസിന് അവകാശവാദം തെളിയിക്കാനായി രേഖകൾ ഹാജരാക്കാൻ സമയം കൊടുത്തു. എന്നാല്‍ തെക്കുംപുറക്കാർക്ക് വഴിമുടങ്ങി എന്നല്ലാതെ, ഒന്നുമുണ്ടായില്ല. കുടുംബ സ്വത്താണെന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മാത്രമാണ് മറുപടി. പൊതുവഴി മുടങ്ങിയതോടെ, വാഹനം വീട്ടിൽ കയറ്റാനാകുന്നില്ല. മഴക്കാലമായാൽ ദുരിതം ഇരട്ടിക്കും. പ്രശ്നങ്ങൾക്ക് വഴികാട്ടാൻ സർക്കാർ സംവിധാനം വേഗത്തിൽ ഇടപെടണം എന്നാണ് ആവശ്യം.