പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ നിർമ്മിക്കുന്ന ഒളപ്പമണ്ണ സ്മാരകം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ പോയതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഗോപിനാഥ് പറഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ ഡിസിസി പ്രസിഡന്‍റ് എ വി ഗോപിനാഥ് (A V Gopinath) മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ നിർമ്മിക്കുന്ന ഒളപ്പമണ്ണ സ്മാരകം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ പോയതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഗോപിനാഥ് പറഞ്ഞു. ജനുവരിയിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായി ഗോപിനാഥ് പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് കോൺ​ഗ്രസിൽ ഏറെ കോളിളക്കമുണ്ടാക്കി ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി എ വി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടന്നത്. പെരിങ്ങോട്ടുകുറിശ്ശിയില്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ സി പി മുഹമ്മദായിരുന്നു ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാര്‍ട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥായിരുന്നു. പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഒഴുകിയെത്തി. താന്‍ ഇപ്പോഴും പാര്‍ട്ടിയ്ക്ക് പുറത്ത് തന്നെയാണെന്ന് എ വി ഗോപിനാഥ് ആവര്‍ത്തിച്ചു. അനുഭാവിയെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഗോപിനാഥ് പറഞ്ഞു.