കുട്ടികളെ കെ സുധാകരൻ ലക്ഷ്യമിട്ടിരുന്നു എന്ന പിണറായി വിജയന്‍റെ ആരോപണം ആദ്യമായി പറയുന്നതല്ലെന്നും എ വിജയരാഘവൻ

തിരുവനന്തപുരം: അമ്പത് വര്‍ഷം മുമ്പ് ബ്രണ്ണൻ കോളേജ് കാലത്തെ സംഘര്‍ഷങ്ങൾ ഓര്‍മ്മിപ്പിച്ച് കെപിസിസി പ്രസിഡന്‍റും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായ വാഗ്വാദം സ്വീകരിക്കാൻ ആഗ്രഹിക്കാത്ത തലത്തിലേക്ക് വളര്‍ത്തിയത് കെ സുധാകരൻ ആണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത് മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് കെ സുധാകരന്‍റെ നീക്കങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ സുധാകരൻ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി നൽകുകമാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കുട്ടികളെ കെ സുധാകരൻ ലക്ഷ്യമിട്ടിരുന്നു എന്ന പിണറായി വിജയന്‍റെ ആരോപണം ആദ്യമായി പറയുന്നതല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളാകെ ബിജെപിയോട് മൃദു സമീപനം ഉള്ളവരാണ്. 

കേരളത്തിലെ പൊതു സമൂഹത്തിന് പിണറായിയുടെ പൊതു ജീവിതം അറിയാം. കെ സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ ക്രിമിനൽ എന്ന പ്രയോഗം ആര്‍ക്കാണ് ചേരുക എന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും
വെല്ലുവിളിച്ചുമാണ് ഇന്ന് കെ സുധാകരൻ വാര്‍ത്താ സമ്മേളനം നടത്തിയത്. മക്കളെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം കള്ളമാണെന്നും തെളിയിക്കാൻ പിണറായിയെ വെല്ലുവിളിക്കുന്നു എന്നും കെ സുധാകരൻ കൊച്ചിയിൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് എ വിജയരാഘവന്റെ പ്രതികരണം.