Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരൻ നടത്തിയത് പദവിക്ക് നിരക്കാത്ത പ്രയോഗമെന്ന് എ വിജയരാഘവൻ

മര്യാദ ഇല്ലാത്ത പ്രയോഗമാണ് കെ സുധാകരൻ നടത്തിയത്. മുഖ്യനെ അധിക്ഷേപിച്ച് സ്വയം ആളാവാൻ നോക്കുകയാണ് കെപിസിസി അധ്യക്ഷനെന്നും വിജയരാഘവൻ വിമര്‍ശിച്ചു.

A Vijayaraghavan against k sudhakaran for remarks against chief minister pinarayi vijayan
Author
Palakkad, First Published May 18, 2022, 12:57 PM IST

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ (K Sudhakaran) നടത്തിയത് പദവിക്ക് നിരക്കാത്ത പ്രയോഗമെന്ന് എ വിജയരാഘവൻ (A Vijayaraghavan). മര്യാദ ഇല്ലാത്ത പ്രയോഗമാണ് കെ സുധാകരൻ നടത്തിയത്. മുഖ്യനെ അധിക്ഷേപിച്ച് സ്വയം ആളാവാൻ നോക്കുകയാണ് കെപിസിസി അധ്യക്ഷനെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃക്കാക്കര എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന പരിഭ്രാന്തിയാണ് സുധാകരനെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കെ സുധാകരന്‍റെ തൃക്കാക്കരയിലെ പരമാര്‍ശം വലിയ വിവാദം ആയിരുന്നു. മന്ത്രിമാരും സിപിഎം നേതാക്കളും കടുത്ത വിമര്‍ശനമാണ് സുധാകരനെതിരെ ഉന്നയിച്ചത്. പരാമര്‍ശത്തിനെതിരെ ഇടത് യുവജനസംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ പറഞ്ഞത്. പരാതി ലഭിച്ചാല്‍ കേസെടുക്കാനായിരുന്നു പൊലീസിന്‍റെയും നീക്കം. പക്ഷേ സുധാകരന്‍ പരമാര്‍ശം പിന്‍വലിച്ചതോടെ പരാതി നല്‍കുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയി. കെ സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് പി രാജീവ്‌ ഇന്ന് പറഞ്ഞത്. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് തുടരുന്നത്. 

അതേസമയം, കെ സുധാകരന്‍ പരമാര്‍ശം പിന്‍വലിച്ചതോടെ വിവാദം അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. അടഞ്ഞ അധ്യായമാണെന്നും പരാമർശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരൻ വിശദീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

Also Read: 'സുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്ക്, സിപിഎമ്മിന് തൃക്കാക്കരയിൽ മറ്റൊന്നും പറയാനില്ലേ'?സതീശൻ 

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ തന്നെ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. തനിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമായിരുന്നു സുധാകരന്‍ ഇന്നലെ വെല്ലുവിളിച്ചത്. കേസെടുത്താല്‍ യുഡിഎഫ് അത് ആയുധമാക്കുമോ എന്നായിരുന്നു സിപിഎം സംശയം. അതാണ് പരാതി നല്‍കുന്നതിലെ പിന്നോട്ട് പോക്കിന് പ്രധാന കാരണം.

Also Read: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ 

'സമനില നഷ്‌ടപ്പെട്ട കെപിസിസി പ്രസിഡന്റിന്‍റെ യഥാര്‍ത്ഥ സംസ്കാരം'; കെ സുധാകരനെതിരെ സിപിഎം

മുഖ്യമന്ത്രിക്കെതിരെയുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രസ്‌താവന നെറികെട്ടതാണെന്നും ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്നും സിപിഎം. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ്‌ തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം മുന്നേറ്റത്തിന്‌ ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്‌. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌ യുഡിഎഫ്‌. ഇതിന്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌ ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

കോണ്‍ഗ്രസിന്‍റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിറിന്‌ ശേഷമാണ്‌ ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ മാറുന്ന മുഖമാണോ ഇതെന്ന്‌ സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ മറ്റ്‌ കോണ്‍ഗ്രസ് നേതാക്കളുടെയും യുഡിഎഫ്‌ നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്‌.

രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ്‌ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ്‌ നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിന്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്‌. പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

Also Read:  'സുധാകരനാണ്, അശ്ലീലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല'; കടുത്ത വിമര്‍ശനവുമായി എ എ റഹീം എംപി

ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലം മാറുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്.

എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ദില്ലിയിലും, പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.

Also Read: മുഖ്യമന്ത്രിക്കെതിരായ പരാമർശം അപലപനീയം; കെ സുധാകരനെ കടന്നാക്രമിച്ച് ഇപി ജയരാജൻ

Follow Us:
Download App:
  • android
  • ios