വിവാദ പ്രസംഗങ്ങളിൽ  വിമർശനങ്ങൾ നേരിടുമ്പോഴും സംഘടനാ ലൈനിൽ നിന്നും അണുകിട മാറാത്ത നേതാവാണ് എ വിജയരാഘവൻ.

കണ്ണൂര്‍: പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിക്കും പിന്നാലെ കേരളത്തില്‍ നിന്ന് എ വിജയരാഘവനും സിപിഎം പിബിയില്‍. സീനിയർ നേതാക്കളായ ഇ പി ജയരാജനെയും തോമസ് ഐസക്കിനെയും മറികടന്ന് പൊളിറ്റ് ബ്യൂറോയിലെത്താൻ എ വിജയരാഘവന് (A Vijayaraghavan) നേട്ടമായത് ദില്ലിയിലും കേരളത്തിലെയും നേതൃതലത്തിലെ പരിചയസമ്പത്ത്. പാർട്ടി കോൺഗ്രസുകളുടെ അവസാനം അനിശ്ചിതത്വം നിറഞ്ഞതാണ് കേരളത്തിൽ നിന്നുളള പൊളിറ്റ് ബ്യുറോ ചോയ്സുകളെങ്കിൽ ഇത്തവണ എ വിജയരാഘവൻ വരുമെന്നത് നിശ്ചയമായിരുന്നു. പിണറായിക്കും യെച്ചൂരിക്കും ഒരു പോലെ സ്വീകാര്യനായ കേന്ദ്രകമ്മിറ്റിയംഗമാണ് വിജയരാഘവന്‍. എസ്ആആർപിയുടെ താത്വിക ശൈലിക്കും കോടിയേരിയുടെ പ്രായോഗിക ശൈലിക്കും ഇടയിൽ നിൽക്കും എ വിജയരാഘവൻ. 

സിപിഎം ആക്ടിംഗ് സെക്രട്ടറിയായതോടെ കേരളത്തിലെ സിപിഎമ്മിൽ മൂന്നാമനായി വിജയരാഘവൻ മാറി. വിവാദ പ്രസംഗങ്ങളിൽ വിമർശനങ്ങൾ നേരിടുമ്പോഴും സംഘടനാ ലൈനിൽ നിന്നും അണുകിട മാറാത്ത നേതാവാണ് എ വിജയരാഘവൻ. ദില്ലിയാണെങ്കിലും കേരളമാണെങ്കിലും പ്രതലം പ്രശ്നമല്ലാത്ത കമ്യൂണിസ്റ്റ്. ദാരിദ്ര്യത്തിൽ വിദ്യാഭ്യാസം പോലും സാധ്യമാകാത്ത ബാല്യത്തിൽ നിന്നുമാണ് എ വിജയരാഘവൻ രൂപപ്പെടുന്നത്.

ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്ന ചെറുപ്പത്തിൽ ഉപജീവനം. മലപ്പുറത്തെ അഭിഭാഷകന്‍റെ സഹായിയായി മുടങ്ങിയ പഠനം വീണ്ടും തുടങ്ങി. റാങ്ക് ജേതാവായാണ് എ വിജയരാഘവൻ ബിരുദം പൂർത്തിയാക്കുന്നത്. ടെറിറ്റോറിയൽ ആർമിയിൽ ചേർന്നെങ്കിലും 20 ആം മാസം മടങ്ങിയെത്തി പഠനം തുടർന്നു. പിന്നാലെ നിയമവിദ്യാർത്ഥിയായി പഠനത്തിൽ മൂന്നാംവരവ്. എസ്എഫ്ഐ നേതാവായതോടെ വിജയരാഘവൻ സിപിഎം നേതാക്കൾക്കും പ്രിയപ്പെട്ടവനായി. 

1989 ൽ വിഎസ് വിജയരാഘവനെ പാലക്കാട് സീറ്റിൽ അട്ടിമറിച്ചാണ് വിജയരാഘവൻ ലോക്സഭയിൽ എത്തുന്നത്. തുടന്ന് രാജ്യസഭാംഗം. കർഷകസംഘം അഖിലേന്ത്യാ നേതാവ്. പാർട്ടി കേന്ദ്ര സെന്‍ററിലും വിജയരാഘവൻ തിളങ്ങി. വിഭാഗീയത കാലത്ത് കേന്ദ്ര കമ്മിറ്റിയിൽ ഔദ്യോഗിക ചേരിയുടെ നാവായി. ദീർഘകാലത്തെ ദില്ലി പ്രവർത്തനങ്ങൾക്ക് ശേഷം ഒന്നാം പിണറായി സർക്കാർ കാലത്ത് കേരളത്തിലേക്ക് മടക്കം. എൽഡിഎഫ് കൺവീനറായി. വിവാദ പ്രസംഗങ്ങളിൽ വിമർശിക്കപ്പെട്ടു. ആലത്തൂർ ലോകസഭാ മണ്ഡലത്തിലെ വിവാദ പ്രസംഗം പാർട്ടിക്ക് തിരിച്ചടിയായപ്പോഴും നേതൃത്വം വിജയരാഘവനെ തള്ളിയില്ല.

ജോസ് വിഭാഗത്തിന്‍റെയും എൽജെഡിയുടെയും എൽഡിഎഫ് പ്രവേശനത്തിൽ മുന്നണി കണ്‍വീനർ ആയി തിളങ്ങി നിൽക്കുമ്പോഴാണ് എകെജി സെന്‍ററിന്‍റെ അമരത്ത് വിജയരാഘവൻ എത്തുന്നത്. ആക്ടിംഗ് സെക്രട്ടറിയായും മുന്നണി കൺവീനറുമായുള്ള ഇരട്ടദൗത്യം സിപിഎമ്മിൽ അസാധാരണമായിരുന്നു. രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയം എ വിജയരാഘവനും നേട്ടമായി. ഇഎംഎസിന് ശേഷം മലപ്പുറം ജില്ലയിൽ നിന്നുള്ള പിബി അംഗമായി വിജയരാഘവൻ ഉയരുമ്പോൾ ഇനി കളം ഏതാകും എന്നതാണ് ഉയരുന്ന ചോദ്യം. ദില്ലി എകെജി ഭവനിലെ എസ്ആർപിയുടെ കസേരയിലേക്ക് ആണെങ്കിൽ എകെജി സെൻ്ററിൽ എൽഡിഎഫ് കൺവീനറുടെ കസേരയിൽ പുതിയ നേതാവെത്തും.