തിരുവനന്തപുരം: കേരളത്തിലെ എൻസിപി, മഹാരാഷ്ട്രയിലെ തീരുമാനം അംഗീകരിച്ചിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. കേരളത്തിലെ എൻസിപി എന്നും ഇടത് മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. മഹാരാഷ്ട്രയിൽ എൻസപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിനോടായിരുന്നും വിജയരാഘവന്‍റെ പ്രതികരണം. 

കേരളത്തിലെ എൻസിപിയുടേത് ധാർമികതയുള്ള നിലപാടാണെന്ന് പറഞ്ഞ വിജയരാഘവൻ എൽഡിഎഫ് എൻസിപിയെ കൈവിടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അവ്യക്തതയുടെ പ്രശനമില്ലെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപിയുടെ ദേശീയ നേതൃത്വം അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയിലുണ്ടായതെന്ന് കൂട്ടിച്ചേർത്ത് ഇടത് മുന്നണി കൺവീനർ എൻസിപിയെ പൂർണ്ണമായും വിശ്വാസത്തിലെടുക്കയാണെന്നാണ് വ്യക്തമാക്കുന്നത്. 

എന്‍സിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്‍ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. എൻസിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിലെ ഞെട്ടലിലാണ് കേരളത്തിലെ എൻസിപി ഘടകം. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിൽ അജിത് പവാര്‍ പങ്കാളിയായതോടെ പെട്ടെന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരേധത്തിലായിരുന്നു കേരള എൻസിപി. എന്താണ് നടന്നതെന്ന് പോലും നേതാക്കൾക്ക് വ്യക്തതയില്ലാത്ത അവസ്ഥയിലായി. മാത്രമല്ല ഇടത് മുന്നണിയുടെ ഘടക കക്ഷിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയുമായി സഖ്യത്തിൽ ഏര്‍പ്പെടുന്ന സാഹചര്യവും കേരള എൻസിപിയെ പ്രതിരോധത്തിലാക്കുകയാണ്. 

അജിത് പവാറിന്‍റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്‍റെ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലും ഒരു പ്രതികരണത്തിന് സംസ്ഥാന എൻസിപി നേതൃത്വം തയ്യാറായത്. ശരത് പവാര്‍ ബിജെപി സഖ്യത്തിന് എതിരായ നിലപാടെടുത്തതിൽ വലിയ ആശ്വാസവും കേരളത്തിലെ എൻസിപി നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എൻസിപി നേതാവ് ടിപി പീതാംബരന്‍റെ പ്രതികരണം.