പണ്ട് ഇവരൊക്കെ ചെറുപ്പത്തിൽ ചോദിച്ചിരുന്ന സീറ്റുകളാണ് ഇന്നത്തെ ചെറുപ്പക്കാരും ചോദിക്കുന്നതെന്നും കൂടുതലൊന്നും ചെറുപ്പക്കാർ ചോദിക്കുന്നില്ലെന്നുമുള്ള ഷാഫി പറഞ്ഞു. ഇതിന്  ആന്‍റണി നൽകിയ മറുപടിയായാണ് ചിരി പടർത്തിയത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ സീറ്റ് വേണമെന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയുടെ അവകാശവാദത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി നൽകിയ മറുപടിയും ഷാഫിയുടെ പ്രതികരണവും വൈറലാകുന്നു. മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ എം.എം ഹസന്റെ രാഷ്ട്രീയ ജീവിതയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടൈറ്റിൽ ലോഞ്ചിൽ ചടങ്ങിലാണ് വേദിയിലും സദസിലും ചിരി പടർത്തിയ സംവാദമുണ്ടായത്.

ചടങ്ങിൽ സംസാരിക്കവെ പണ്ട് ഇവരൊക്കെ ചെറുപ്പത്തിൽ ചോദിച്ചിരുന്ന സീറ്റുകളാണ് ഇന്നത്തെ ചെറുപ്പക്കാരും ചോദിക്കുന്നതെന്നും കൂടുതലൊന്നും ചെറുപ്പക്കാർ ചോദിക്കുന്നില്ലെന്നുമുള്ള ഷാഫി പറമ്പിൽ പറഞ്ഞു. ഇതിന് എകെ ആന്‍റണി നൽകിയ മറുപടിയായാണ് ചിരി പടർത്തിയത്. തോൽക്കുന്ന സീറ്റുകളാണ് പണ്ട് തങ്ങൾ ചോദിച്ച് വാങ്ങിയതെന്നായിരുന്നു എകെ ആന്‍റണിയുടെ മറുപടി. 19970ൽ പാർട്ടി സ്ഥിരമായി തോൽക്കുന്ന സീറ്റുകളാണ് അന്ന് യുവാക്കളായ തങ്ങൾ ചോദിച്ച് വാങ്ങിയിരുന്നതെന്നും ഇടത് കോട്ടകളായ ചേർത്തലയിലും പുതുപ്പള്ളിയിലുമാണ് താനും ഉമ്മൻ ചാണ്ടിയുമൊക്കെ മത്സരിച്ചതെന്നും ഏകെ ആന്‍റണി ഷാഫിക്ക് മറുപടി നൽകി.

'ചെറുപ്പത്തിൽ സുഹൃത്തുക്കളോട് ആലോചിച്ച ശേഷം ആവശ്യപ്പെട്ടത് തോൽക്കുന്ന സീറ്റുകളിൽ തങ്ങളെ മത്സരിപ്പിക്കണം എന്നാണ്. അങ്ങനെയാണ് എം രാമകൃഷ്ണൻ എടക്കാട് എന്ന് പറയുന്ന നേതാവിന്‍റെ മാർക്സിസ്റ്റ് കോട്ടയായ ചേർത്തലയിലും, കൊട്ടരക്കരയെന്ന് പറയുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ പൊന്നാപുരം കോട്ടയിലും, ബാലുശ്ശേരിയിൽ, പുതുപ്പള്ളിയിമൊക്കെ ഞങ്ങൾ മത്സരിച്ചത്. ഞങ്ങളുടെ അന്നത്തെ ഡിമാന്‍റ് തോൽക്കുന്ന സീറ്റ്' വേണം എന്നായിരുന്നുവെന്നും ആന്‍റണി പറഞ്ഞു. ‘സാർ പറഞ്ഞതി​നെ അതിന്റെ പൂർണമായ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നു, ഇത്തവണ തോറ്റ കുറേ സീറ്റുകളുണ്ടെന്നും, ഇനി ജയിക്കാവുന്നതുമായ കുറേ സീറ്റുകളുണ്ടെന്നുമായിരുന്നു’ ഷാഫി പറമ്പിലിന്‍റെ മറുപടി. മുതിർന്ന തലമുറ നേതാവായ എകെ ആന്‍റണിയുടേയും പുതുതലമുറയിലെ നേതാവുയ ഷാഫിയുടേയും വാക്കുകൾ വേദിയിലേയും സദസിലേയും നേതാക്കളിലും അണികളിലും ചിരി പടർത്തി.

ഞങ്ങൾക്ക് തോൽക്കുന്ന സീറ്റുകൾ മത്സരിക്കാൻ തരണമെന്നാണ് ആവശ്യപ്പെടാറ്: എകെ ആന്റണി