തൃശ്ശൂർ: കേരളവർമ്മ കോളേജിൽ ഭാര്യ ഡോ.ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആയി നിയമിച്ച സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല. നാട്ടിൽ എല്ലാത്തിനും നിയമം ഉണ്ട്. അതു പ്രകാരം ആണ് കാര്യങ്ങൾ നടക്കുന്നതെന്നും വിജയരാഘവൻ തൃശ്ശൂരിൽ പറഞ്ഞു. 

ശ്രീ കേരളവർമ്മ കോളേജിലെ വൈസ്  പ്രിൻസിപ്പലായി എ വിജയരാഘവൻറെ ഭാര്യ പ്രൊഫ. ബിന്ദുവിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. കേരളവർമ്മ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക കൂടിയായ പ്രാഫ. ബിന്ദുവിനെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിൻ ദേവസ്വം ബോർഡ് വൈസ് പ്രിൻസിപ്പളായി നിയമിച്ചത്. പ്രിൻസിപ്പളിൻ്റെ അധികാരം വൈസ് പ്രിൻസിപ്പളിന് വീതിച്ച് നൽകുകയും ചെയ്തു. പ്രധാനപ്പെട്ട പല ചുമതലകളും വൈസ് പ്രിൻസിപ്പാളിന് നൽകി കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കുകയും ചെയ്തു. പിന്നാലെ നടപടിയിൽ പ്രതിഷേധിച്ച് പ്രിൻസിപ്പൽ ജയദേവൻ സ്ഥാനം രാജി വെച്ചൊഴിയുകയും ചെയ്തു.