Asianet News MalayalamAsianet News Malayalam

ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല, എല്ലാതരം വർഗ്ഗീയതയോടും പോരാടും: വിജയരാഘവൻ

വർഗീയ ശക്തികൾ പല രൂപത്തിൽ പലയിടത്തും ഉണ്ടാകാം. അതിനെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഭൂരിപക്ഷ വർഗീയത വളരുമ്പോൾ ന്യൂനപക്ഷ വർഗീയതയും വളരും എന്നാൽ രണ്ടിനോടും സിപിഎമ്മിന് സന്ധിയില്ല

A vijayaraghavan on narcotic jihad
Author
Thiruvananthapuram, First Published Sep 17, 2021, 6:39 PM IST

തിരുവനന്തപുരം: ഭൂരിപക്ഷ വ‍ർ​ഗീയത ശക്തിപ്പെടുമ്പോൾ അതിനോടൊപ്പം ന്യൂനപക്ഷ വ‍ർ​​ഗ്​ഗീയതയും ശക്തിപ്പെടുമെന്നും രണ്ടിനോടും സിപിഎം സന്ധി ചെയ്യാതെ പോരാടുമെന്നും സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ.വിജയരാ​ഘവൻ. കോൺ​ഗ്രസ് തകരുകയാണ്. പ്രധാനനേതാക്കളുടെ രാജിയിൽ നിന്നും വ്യക്തമാവുന്നത് അതാണെന്നും വിജയരാ​ഘവൻ പറഞ്ഞു. പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയിൽ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വിജയരാഘവൻ ഭൂരിപക്ഷ വർഗ്ഗീയതയോടൊപ്പം ന്യൂനപക്ഷം വർഗ്ഗീയതയും വളരുമെന്നും രണ്ടിനോടും സന്ധിയില്ലാതെ സിപിഎം പോരാടുമെന്നും വ്യക്തമാക്കി.

വിജയരാഘവൻ്റെ വാക്കുകൾ - 

കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർദ്ധിക്കുകയാണ്. പ്രധാന നേതാക്കളുടെ രാജി അതാണ് സൂചിപ്പിക്കുന്നത്. കോൺ​ഗ്രസ് വിട്ടു വരുന്ന നേതാക്കൾ മറ്റു സംസ്ഥാനങ്ങളിലേത് പോലെ ബിജെപിയിലേക്ക് പോകാതെ മതനിരപേക്ഷ ചേരിയിലേക്ക് വരുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത. കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകും. മതേതര വാദികൾക്ക് നിൽക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസിലുണ്ട്. ആഭ്യന്തര തർക്കങ്ങൾ മുസ്ലീം ലീഗിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  സ്ത്രീ വിരുദ്ധ നിലപാടുകളും അവർക്ക് തിരിച്ചടിയായി.  യുഡിഎഫിലെ ഇതര ഘടക കക്ഷികളിലും പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. 

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്   തകർക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നു. രാഷ്ട്രീയ ലാഭത്തിനായി ബിജെപി ശ്രമിക്കുന്നു. പാല ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശം ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ വ്യക്തികളുടെ തെറ്റിനെ മതത്തിന്റെ പേരിൽ ചാർത്തരുത്.  സിപിഎമ്മിന്റെ നിലപാടാണിത്. കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കത്തിന് സ്വീകാര്യത കിട്ടിയില്ല. വർഗീയ ശക്തികളുടെ നിലപാടിനൊപ്പം ജനങ്ങൾ നിന്നില്ല.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ജനം സ്വീകരിക്കുകയും ചെയ്തു. ആ നിലപാട് തുടർന്നും സർക്കാർ സ്വീകരിക്കും.  സമാധാനന്തരീക്ഷം നിലനിർത്താനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് തുടർന്നും ഉണ്ടാകും. വർഗീയ ശക്തികൾ പല രൂപത്തിൽ പലയിടത്തും ഉണ്ടാകാം. അതിനെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഭൂരിപക്ഷ വർഗീയത വളരുമ്പോൾ ന്യൂനപക്ഷ വർഗീയതയും വളരും എന്നാൽ രണ്ടിനോടും സി പി എം സന്ധിയില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios