അകലെ നിന്ന് പ്രസംഗം കേട്ടാൽ ചെന്നിത്തല ഏത് സുരേന്ദ്രൻ ഏതെന്ന് തിരിച്ചറിയാനാവില്ലെന്നും വിജയരാഘവൻ പരിഹസിച്ചു. ചിറ്റൂരിൽ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ബിജെപിയുമായും ജമാഅത്തെയുമായും കോൺഗ്രസിന് സഖ്യമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിജെപിയുമായും ജമാഅത്തെയും ഒന്നിച്ച് ചേരുന്നത് യുഡിഎഫിലാണ്. അകലെ നിന്ന് പ്രസംഗം കേട്ടാൽ ചെന്നിത്തലയേത്, സുരേന്ദ്രൻ ഏതെന്ന് തിരിച്ചറിയാനാവില്ലെന്നും വിജയരാഘവൻ പരിഹസിച്ചു.
എല്ലാ അന്വേഷണവും പൂർത്തിയാക്കിയ ശേഷമായിരുന്നു രണ്ട് യുഡിഎഫ് എംഎൽഎമാരെ അറസ്റ്റ് ചെയ്തത്. ഇനിയും രണ്ടു മൂന്നു പേർ റെഡി ആയി നിൽക്കുന്നുണ്ട്. അവർക്കെതിരായ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അതിലൊരാൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ മുതലാളിമാരോട് കാശുവാങ്ങിയതാണ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം. പണം നൽകിയ ആൾ പരസ്യമായി പറഞ്ഞതിനാലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. നീതിരഹിതമായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാൽ ഇടതു പക്ഷം മുട്ടുവിറച്ചു നിൽക്കില്ല. സ്വർണക്കടത്ത് കേസുമായി സംസ്ഥാന സർക്കാരിന് യാതൊരു ബന്ധവുമില്ല, തിരുവനന്തപുരം എയർപോർട്ടിൽ നടന്ന ഒരു സംഭവമാണ്. അതന്വേഷിക്കുന്ന ഏജൻസികൾ തികഞ്ഞ പരാജയമായി മാറി. യഥാർത്ഥ പ്രതികളെ പിടിക്കാനവർക്ക് സാധിക്കുന്നില്ല. പെട്ടീം തൂക്കി തേരാപാരാ നടക്കുകയാണ് ഉദ്യോഗസ്ഥർ. ഇതൊന്നും എൽഡിഎഫിനെ ബാധിക്കില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച നേതാവാണ് പിണറായി.
യുഡിഎഫിന്റേത് വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടാണ്. വെൽഫയർ പാർട്ടിയുമായും യുഡിഎഫ് സംഖ്യമുണ്ടാക്കി. ലീഗിന്റെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങിയതിന് കോൺഗ്രസ് വലിയ വില നൽകേണ്ടി വരും. കോൺഗ്രസ് ഈ നിലപാടുമായി പോയാൽ കൂടുതൽ ദുർബലപ്പെടും. എല്ലാ വർഗീയതയും എതിർക്കപ്പെടണം'. ഭൂരിപക്ഷ വർഗീയത കൂടുതൽ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
