തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി കള്ളപ്പണം ഒഴുക്കിയിരുന്നുവെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്നും വിജയരാഘവൻ ആരോപിച്ചു.

തിരുവനനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്നതിനോട് പ്രതികരിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി കള്ളപ്പണം ഒഴുക്കിയിരുന്നുവെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്നും വിജയരാഘവൻ ആരോപിച്ചു. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകുന്നവർ ബിജെപി കൊടി വച്ച കാറിലാണ് എത്തുന്നത്. സംസ്ഥാന സർക്കാരിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ഇഡിയുടെ ഈ കേസിലുള്ള നിസ്സംഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ വിജയരാഘവൻ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം അന്വേഷിക്കണമെന്നും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പരാതിക്കാരനായ ധർമരാജന്‍റെ കർണാടകത്തിലെ ഹവാല ബന്ധങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ആർഎസ്എസ് പ്രവർത്തകനായ ധ‍ർമരാജന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധർമരാജന്‍റെ ഹവാല റാക്കറ്റിൽപ്പെട്ട റഷീദാണ് കവർച്ചാ സംഘത്തിന് വിവരം ചോർത്തിയതെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു. 

കർണാകത്തിലെ ഹവാല റാക്കറ്റിൽ നിന്നാണ് മൂന്നരക്കോടി രൂപ ആർ എസ് എസ് പ്രവർത്തകനായ ധർമരാജന് കിട്ടിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ചില ബിജെപി നേതാക്കൾക്ക് കൈമാറാനായിരുന്നു നിർദേശം. കമ്മീഷൻ വ്യവസ്ഥയിലാണ് ധർമരാജൻ ഇടനിലക്കാരനായത്. ആർ എസ് എസ് പ്രവർത്തകനായ ഇയാൾ സംസ്ഥാനത്തെ ചില മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്ഥനായിട്ടാണ് അറിയിപ്പെടുന്നത്. ഈ അടുപ്പമാണ് ഹവാല ഇടപാടിന് ധ‍ർമാരാജനെ ചുമതലപ്പെടുത്താൻ കാരണമെന്നും കരുതുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona