പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ
നിലമ്പൂർ: കോൺഗ്രസ് മലപ്പുറം ജില്ലക്കെതിരെ നിലപാട് സ്വീകരിച്ചത് ന്യൂനപക്ഷം ഭൂരിപക്ഷമായത് കൊണ്ടാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. അസത്യം പ്രചരിപ്പിച്ച്, വിവാദം സൃഷ്ടിക്കാനും അതിലൂടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയേതരമാക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ആര്യാടൻ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് മുന പോയ ആയുധങ്ങൾ കൊണ്ട് യുദ്ധ രംഗത്തേക്ക് വന്നിരിക്കുകയാണെന്നും വിജയരാഘവൻ പരിഹസിച്ചു.
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വന്നതോടെ യുഡിഎഫ് ആശങ്കയിലാണ്. വാഗ്‌ദാനം നൽകി പിവി അൻവറിനെ കൊണ്ടുപോയ കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അൻവറിനെ തെരുവിലാക്കി. യുഡിഎഫ് അവസരവാദത്തിൻ്റെ ഉദാഹരണമായി മാറി. യുഡിഎഫ് പിറകോട്ട് പോകുന്ന സാഹചര്യം ഇതിൻ്റെ പ്രതിഫലനമാണ്. അസംതൃപ്തരുടെ കേന്ദ്രമാണ് നിലമ്പൂരിലെയും കേരളത്തിലെയും യുഡിഎഫ്.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ശ്രമം. വിഷയങ്ങളെ അടർത്തിയെടുത്ത് വർഗീയ ചുവയോടെ അവതരിപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവ് വായിൽ വരുന്നത് അടിച്ച് വിടുന്നു. ദേശീയപാതയിൽ ഒരു സ്ഥലത്ത് മണ്ണിടിച്ചിൽ അപകടം ഉണ്ടയപ്പോൾ എന്തൊരു ആഘോഷമാണ് കോൺഗ്രസ് നടത്തിയതെന്നും വിജയരാഘവൻ ചോദിച്ചു.



