തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. തലസ്ഥാനത്ത് ബിജെപി ജയിച്ചാല്‍ മറ്റൊരു സന്ദേശമാകും നല്‍കുന്നത്. അതിനാല്‍ ബിജെപിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള മേഖലകളില്‍ എല്ലാ കരുതലും ഇടത് മുന്നണി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയുമായി അകല്‍ച്ചയില്ലെന്നും മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട തലത്തില്‍ പ്രശ്നങ്ങളില്ലെന്നും വി ജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.