Asianet News MalayalamAsianet News Malayalam

കെ.വി.തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എ. വിജയരാഘവൻ; ആരുടെ മുന്നിലും വാതിലടയ്ക്കില്ല

കോൺ​ഗ്രസ് നേതാക്കൾ വന്നാൽ ഞങ്ങൾ വാതിലടയ്ക്കില്ല. മതനിരപേക്ഷത ഉയർത്തി പിടിച്ച് ആര് വന്നാലും സ്വീകരിക്കും.
 

A Vijayaraghavan welcomes KV thomas to LDF
Author
Thiruvananthapuram, First Published Jan 22, 2021, 7:49 PM IST

തിരുവനന്തപുരം: പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാ​ഗതം ചെയ്ത് മുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാ​ഘവൻ. കോൺ​ഗ്രസ് നേതാക്കൾ പാർട്ടി വിട്ടു വന്നാൽ വാതിലടയ്ക്കില്ലെന്നും മതനിരപേക്ഷത ഉയർത്തി പിടിച്ചു കൊണ്ട് ആര് എൽഡിഎഫിൽ വന്നാലും സ്വീകരിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ കേരള പൊളിറ്റിക്കൽ ലീ​ഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിജയരാ​​ഘവൻ്റെ വാക്കുകൾ - 

മതനിരപേക്ഷ ബോധമുള്ള ആർക്കും കോൺ​ഗ്രസിൽ തുടരാനാവാത്ത അവസ്ഥയാണുള്ളത്. എത്രത്തോളം നേതാക്കൾ പാർട്ടി വിടുമെന്ന് ഇനിയുള്ള ​ദിവസങ്ങളിൽ കണ്ടറിയാം. കോൺ​ഗ്രസ് നേതാക്കൾ വന്നാൽ ഞങ്ങൾ വാതിലടയ്ക്കില്ല. മതനിരപേക്ഷത ഉയർത്തി പിടിച്ച് ആര് വന്നാലും സ്വീകരിക്കും.

മലമ്പുഴയിൽ താൻ മത്സരിക്കുമെന്നത് തെറ്റായ വാർത്തയാണ്. എന്നോട് താത്പര്യമില്ലാത്തവരാണ് ഇത്തരം വാ‍ർത്തകൾ പ്രചരിപ്പിക്കുന്നത്. സംഘടനാ പ്രവർത്തനത്തിന് ഇപ്പോൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിമാർ മത്സരിക്കുന്ന കാര്യത്തിൽ നിലവിൽ അന്തിമതീരുമാനമായിട്ടില്ല. എത്ര ടേം മത്സരിച്ചവ‍ർ മാറി നിൽക്കണം എന്നതിൽ ഇനിയും തീരുമാനമാവേണ്ടതുണ്ട്. 

യുവത്വത്തിനും പരിചയ സമ്പത്തിനും ഒരേപോലെ പ്രാധാന്യം നൽകി കൊണ്ടുള്ള സ്ഥാനാർത്ഥി പട്ടികയാവും എൽഡിഎഫ് തയ്യാറാക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ പ്രചാരണ നായകനായി ഉമ്മൻ ചാണ്ടി വന്നത് എൽഡിഎഫിന് ഗുണം ചെയ്യും. ഇതോടെ പഴയ വിവാദങ്ങളെല്ലാം പുനർ വായിക്കപ്പെടും. ഉമ്മൻ ചാണ്ടി കപ്പിത്താനായാലും കോൺഗ്രസിന് രക്ഷയില്ല. നടുക്കടലിലാണ് ആ പാർട്ടിയും മുന്നണിയും. 

Follow Us:
Download App:
  • android
  • ios