രാവിലെയാണ് സന്തോഷെന്ന തൊഴിലാളി കിണർ വൃത്തിയാക്കാനിറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ കിണറ്റിനുള്ളിൽ നിന്നും മണ്ണിടിഞ്ഞ് സന്തോഷിന്‍റെ മുകളിലേക്ക് പതിച്ചു.
തിരുവനന്തപുരം: മഠവൂർപാറയിൽ (Madavoorpara) കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 38 അടി താഴ്ചയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സാഹസികമായി ഫയർഫോഴ്സ് സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്. രാവിലെയാണ് സന്തോഷെന്ന തൊഴിലാളി കിണർ വൃത്തിയാക്കാനിറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ കിണറ്റിനുള്ളിൽ നിന്നും മണ്ണിടിഞ്ഞ് സന്തോഷിന്‍റെ മുകളിലേക്ക് പതിച്ചു. കഴുത്തുവരെ മണ്ണായി. അനങ്ങാതെ അവസ്ഥയിലായ തൊഴിലാളി രക്ഷിക്കാൻ ഫയർഫോഴ്സ് ഉദ്യോസ്ഥർ കിണറ്റിലിറങ്ങി. മണ്‍വെട്ടിയും പിക്കാസുമെല്ലാം ഉപയോഗിച്ചാണ് മണ്ണ് മാറ്റി സന്തോഷിനെ പുറത്തെടുത്തത്. രക്ഷ പ്രവർത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു. എന്നിട്ടും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാതെ സന്തോഷിനെ ഫയർഫോഴ്സ് ഉദ്യോഗസഥർ പുറത്തെത്തിച്ചു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന സന്തോഷിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയില്‍
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്‍റെ (Pothukalu Police) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു. പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് നാടന്‍ തോക്കും തിരകളും കണ്ടെടുത്തത്.
മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അബ്ദുല്‍ സലാം ഉള്‍പ്പെട്ട നായാട്ട് സംഘത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ആയുധ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വില്ലനായി 'മസ്‌കുലർ ഡിസ്‌ട്രോഫി', വേദന സഹിക്കാനാവാതെ അഞ്ചാം ക്ലാസുകാരന്‍ അര്‍ജുന്‍, പഠനവും മുടങ്ങി
ഇടുക്കി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകള്‍ തുറന്നു, തന്‍റെ കൂട്ടുകാരെല്ലാം സന്തോഷത്തോടെ സ്കൂളിലേക്ക് പുത്തനുടുപ്പും ബാഗുമായി പോകുന്നത് കണ്ട് കണ്ണീരോടെ നോക്കിയിരിക്കുകയാണ് ഇടുക്കി പൊന്നാമലയിലെ അർജുൻ കൃഷ്ണ. മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അപൂര്‍വ രോഗം മൂലമുള്ള വേദന കാരണം സ്‌കൂളിൽ പോകാൻ പേലും കഴിയാതെ വിഷമിക്കുകയാണ് ഈ അഞ്ചാം ക്ലാസുകാരന്‍. സാമ്പത്തിക പരാധീനത മൂലം മകന് നല്ല ചികിത്സ നൽകാൻ കഴിയാതെ മാതാപതാക്കളും വിഷമിക്കുകയാണ്.
നെടുങ്കണ്ടം പൊന്നാമല ചിറയ്ക്കൽ ഷിജുവിൻറെയും രമ്യയുടെയും മൂത്ത മകൻ ആണ് അര്‍ജുന്‍. കൊവിഡ് കുറഞ്ഞ് സ്ക്കൂളുകൾ തുറന്നതോടെ അർജുൻ കൃഷ്ണക്കും കൂട്ടുകാർക്കൊപ്പം പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ 'മസ്‌കുലര്‍ ഡിസ്‌ട്രോഫി' മൂലമുള്ള വേദനയും മറ്റ് അസ്വസ്ഥകളും കാരണം ഒന്നിനും കഴിയുന്നില്ല- അര്‍ജുന്‍റെ പിതാവ് ഷിജു പറയുന്നു. അർജുൻ ബഥേല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അസുഖം കാരണം കാലുകൾക്ക് ബലമില്ലാത്തതിനാൽ അര്‍ജുന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയുന്നില്ല. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ അസഹ്യമായ വേദനയുമുണ്ടാകും.
രണ്ടു വയസ്സുള്ളപ്പോഴാണ് മകന്‍റെ രോഗം മസ്‌കുലർ ഡിസ്‌ട്രോഫി ആണെന്ന് മാതാപിതാക്കൾ അറിയുന്നത്. അന്ന് മുതല്‍ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി ചികിത്സ നടത്തുകയാണ് ഷിജുവും രമ്യയും. നിലവില്‍ ആയൂര്‍വേദ ചികിത്സയാണ് നല്‍കുന്നത്. 18 വയസുവരെ തുടര്‍ചികിത്സ നല്‍കണം. ചികിത്സയിലൂടെ മാത്രമേ തങ്ങളുടെ പൊന്നുമോന് മറ്റു കുട്ടികളേപ്പോലെ നടക്കാനാവൂ എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പെയിൻറിംഗ് തൊഴിലാളിയായ ഷിബുവിന് ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. സുമനസ്സുകളുടെ സഹായത്തോടെ മകന് മികച്ച ചികിത്സ ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
അര്‍ജുനെ സഹായിക്കാം: അക്കൌണ്ട് വിവരങ്ങള്‍ ചുവടെ
Account No - 455102010027258
SHIJI C M
UNIION BANK OF INDIA, NEDUMKANDAM BRANCH
IFSC - UBIN0545511
Google Pay - 9656882877
